Tribal women says Thanks to Sudheeran

മലപ്പുറം: ഭരണത്തുടര്‍ച്ചയ്ക്കും ഭരണം പിടിക്കാനുമുള്ള രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള യാത്രകളില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വേറിട്ട നിമിഷങ്ങളായിരുന്നു സുധീരന് നിലമ്പൂരിലെ സ്വീകരണം.

മൂന്നു പതിറ്റാണ്ടായി ജീവിതം അലച്ചിലിലായ ആദിവാസി യുവതി ജാനുവും മക്കളും തലചായക്കാന്‍ വീടൊരുങ്ങുന്ന സന്തോഷം പങ്കുവെക്കാന്‍ സുധീരനെ കാണാനെത്തിയതായിരുന്നു അവിസ്മരണീയ അനുഭവം ഒരുക്കിയത്.

ജാനുവിനും മക്കള്‍ക്കും വീടുവെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത് മുന്‍ നഗരസഭാ ചെയര്‍മാനും കെ.പി.സി.സി അംഗവുമായ ആര്യാടന്‍ ഷൗക്കത്താണ്. ജനരക്ഷാ യാത്രനയിച്ച് സുധീരന്‍ നിലമ്പൂരിലെത്തിയപ്പോഴായിരുന്നു സ്വീകരണയോഗത്തില്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ ഭൂമിയുടെ രേഖകള്‍ കൈമാറിയത്. ഏനാത്തി ചക്കപ്പാലി കോളിനിയിലെ സ്ഥലത്ത് ഐ.ടി.ഡി.പി ഫണ്ട് ഉപയോഗിച്ചുള്ള ജാനുവിന്റെ വീടുപണി അവസാന ഘട്ടത്തിലാണ്.
കൈകൂപ്പി തൊഴുത് സുധീരനെ ഷാളണിയിച്ച് ജാനു നിറകണ്ണുകളോടെ സന്തോഷം പങ്കിട്ടു. കൈകള്‍ പിടിച്ച് ആശ്ലേഷിച്ച സുധീരന്‍ ഇനി ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ പറയണമെന്നും അറിയിച്ചു.

RWERW

വേദനയും കണ്ണീരും നിറഞ്ഞതാണ് ജാനുവിന്റെ ജീവിതം. പിച്ചവെക്കും മുമ്പെ അമ്മ മരിച്ചു. കൈക്കുഞ്ഞായ ജാനു ചുങ്കത്തറ തലഞ്ഞിയിലെ കുടിലില്‍ നിന്നും അച്ഛന്‍ കുഞ്ഞാടിയുടെ കൈപിടിച്ച് നിലമ്പൂര്‍ വല്ലപ്പുഴയിലെ സഹോദരി ലീലയുടെ വീട്ടില്‍ അഭയംതേടി എത്തുകയായിരുന്നു. പിന്നെ ജാനുവിന്റെ ജീവിതം വല്ലപ്പുഴ കോളനിയിലായി. അച്ഛനും മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. കൂലിവേല ചെയ്ത് അടുത്ത വീടുകളില്‍ മാറിമാറിയായിരുന്നു താമസം. കുറച്ചു ദിവസം കഴിയുമ്പോള്‍ പലരുടെയും മുഖം കറുക്കും പിന്നെ ഇറക്കി വിടും.

ജീവിതം സ്വസ്ഥതയില്ലാത്ത അലച്ചിലായ കാലത്താണ് എടക്കരയിലെ ബാലന്റെ കൈപിടിച്ച് കുടുംബ ജീവിതം തുടങ്ങിയത്. കുടുംബമായിട്ടും വീടെന്ന സ്വപ്‌നം ബാക്കിയായി. സ്വന്തമായി വീടില്ലാത്ത ബാലനൊപ്പം ബാലന്റെ ജ്യേഷ്ഠഭാര്യയുടെ വീട്ടിലായിരുന്നു താമസം. അവിടയും സ്ഥിരമായി തങ്ങാന്‍ കഴിഞ്ഞില്ല. ജാനു അഞ്ചു കുട്ടികള്‍ക്കും ജന്‍മം നല്‍കിയത് കോളനിയിലെ അഞ്ചു വ്യത്യസ്ഥ വീടുകളില്‍ താമസിക്കുമ്പോഴാണ്. നിറവയറുമായി നില്‍ക്കുമ്പോള്‍ പോലും ചിലര്‍ കുത്തുവാക്കുകള്‍ പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. കരുണതോന്നിയ ചിലര്‍ തലചായ്ക്കാന്‍ ഇടം നല്‍കി. എങ്കിലും വല്ലപ്പുഴ കോളനിവിട്ട് ജാനു പോയിട്ടില്ല. സഹോദരി ലീലയുടെ വീട്ടില്‍ എല്ലാവര്‍ക്കും കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ അഞ്ചു വീടുകളില്‍ പിറന്ന അഞ്ചു മക്കളും ഇപ്പോള്‍ കോളനികളിലെ വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്. കൈക്കുഞ്ഞുങ്ങളായ സന്ധ്യയും യദുകൃഷ്ണയും അമ്മക്കൊപ്പം കിടക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൃഷ്ണകുമാറും കൃഷ്ണപ്രിയയും ബബിതയും കോളനിയിലെ കൂട്ടുകാരുടെ വീടുകളില്‍ അന്തിയുറങ്ങും.

ഭര്‍ത്താവ് ബാലന് അടുത്തിടെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അടുത്തുള്ള കരിമ്പുഴയില്‍പോയി മീന്‍പിടിച്ച് അത് വിറ്റാണ് ബാലന്‍ കുംടുംബം നോക്കാന്‍ പണം കണ്ടെത്തുന്നത്.

സ്വന്തമായി വീടിനുവേണ്ടി ജാനു മുട്ടാത്ത വാതിലുകളില്ല. ഐ.ടി.ഡി.പി ഉദ്യോഗസ്ഥരെയും വില്ലേജ് അധികൃതരെയും പലവട്ടം സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സ്വന്തമായി സ്ഥലമില്ലാത്തിനാല്‍ മുനിസിപ്പാലിറ്റിയുടെ വീടിന് അപേക്ഷിക്കാനും കഴിഞ്ഞില്ല.

ഒടുവില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ട് ദുരിതജീവിതം പറയുകയായിരുന്നു. ഉദ്യോഗസ്ഥന്‍മാരെപോലെ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് മടക്കിവിടാതെ ഷൗക്കത്ത് വീടുവെക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു.

Top