അട്ടപ്പാടി കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്

പാലക്കാട്: അട്ടപ്പാടി കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്. വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് പരുക്കേറ്റത്. പൊന്നിയുടെ ഇടതുകയ്യിലെ എല്ല് പൊട്ടിയിട്ടുണ്ട്.

ചേമ്പിന്‍ കൂട്ടത്തില്‍ മറഞ്ഞ് നിന്നിരുന്ന ഒറ്റപ്പന്നി ഇവര്‍ക്ക് നേരെ ചാടുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് മാസം മുന്‍പ് ഷോളയൂരില്‍ വീടിന് പുറകില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.

Top