അന്യ പുരുഷനൊപ്പം ഒളിച്ചോടി ; ആദിവാസി യുവതിക്ക് ഭർത്താവിനെ ചുമന്ന് നടക്കാൻ ശിക്ഷ വിധിച്ച് ഗ്രാമം

ഭോപ്പാൽ : മധ്യപ്രദേശിൽ അന്യ പുരുഷനൊപ്പം ഒളിച്ചോടിയ ആദിവാസി യുവതിക്ക് വിചിത്രമായ ശിക്ഷ നൽകി ഗ്രാമവാസികൾ.

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഖേഡി ഗ്രാമത്തിലാണ് ഗ്രാമവാസികൾ യുവതിക്ക് ശിക്ഷ നൽകിയത്.

32 കാരിയായ ആദിവാസി യുവതി ഗ്രാമത്തിലെ തന്നെ മറ്റൊരു പുരുഷനൊപ്പം ഒളിച്ചോടി, ഇരുവരെയും പിടികൂടിയ ഗ്രാമവാസികൾ ഖേഡി ഗ്രാമത്തിന്റെ 2 കിലോ മീറ്റർ ചുറ്റളവിൽ ഭർത്താവിനെ ചുമന്ന് നടക്കാൻ ശിക്ഷ വിധിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ത്രീ തന്റെ തോളിൽ ഭർത്താവിനെ ചുമന്നുകൊണ്ട് നടക്കുകയും യുവതിയെ ഗ്രാമവാസികൾ ക്രൂരമായി മർദിക്കുകയും ചെയ്തു.

ഒക്ടോബർ 28 ന് സ്ത്രീയുടെ ഭർത്താവ് പിറ്റോൾ പൊലീസിൽ നൽകിയ പരാതിയിൽ തന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതായി പറയുന്നുണ്ട്.

പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം നവംബർ നാലിന് യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നതായി പൊലീസ് വ്യക്തമാക്കി.

ഭർത്താവിനെ തോളിലേറ്റി നടക്കുന്നതിന് മുൻപ് യുവതിക്ക് ഭർത്താവിൽ നിന്നും ചില ഗ്രാമവാസികളിൽ നിന്നും മര്ദനത്തിനിരയായിതായി പിറ്റോൾ പൊലീസ് ഉദ്യോഗസ്ഥൻ നവീൻ പഥക്ക് പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ സഹോദരനും, അച്ഛനും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് മഹേഷ് ഛദ്രറ ജെയ്ൻ അറിയിച്ചു.

റിപ്പോർട്ട് : രേഷ്മ പി. എം

Top