അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

arrest

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. അട്ടപ്പാടി ചാവടിയൂരില്‍ ആദിവാസി വീട്ടമ്മ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. 42 വയസ്സായിരുന്നു. സംഭവത്തിൽ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി സലിന്‍ ജോസഫാണ് (51) അറസ്റ്റിലായത്. പ്രതി ലക്ഷ്മിയെ വെട്ടിയും കല്ല് കൊണ്ട് തലക്കടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലക്ഷ്മിക്ക് ഭര്‍ത്താവും മൂന്ന് മക്കളുമുണ്ട്. സലിന് ഭാര്യയും അഞ്ച് മക്കളും ഉണ്ട്. എട്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചു കഴിയുകയാണ്. ഒരു മാസം മുന്‍പാണ് ചാവടിയൂരിലെ ലക്ഷ്മിയുടെ ബന്ധുവീട്ടില്‍ ഇരുവരും താമസമാക്കിയത്. ഇരുവരും മദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവർ പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. സംഭവ ദിവസവും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

രാത്രി ഒന്‍പതു മണിയോടെ ഊരുമൂപ്പനോട് ലക്ഷ്മിയെ താന്‍ വെട്ടിയെന്ന് സലിന്‍ പറയുകയായിരുന്നു. ഇതിനുശേഷം അര്‍ധരാത്രിയോടെ സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലുകൊണ്ട് തലയ്ക്കടിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുശേഖരിച്ചു.

Top