കൊവിഡിനെതിരെ കരുതലോടെ സെല്‍ഫ് ക്വാറന്റിനുമായി ആദിവാസി ഗ്രാമപഞ്ചായത്ത് ഇടമലക്കുടി

ഇടുക്കി: കൊവിഡിനെ പ്രതിരോധിക്കാന്‍ സെല്‍ഫ് ക്വാറന്റീനുമായി ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. കൊവിഡ് പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ഊരുകൂട്ടം തീരുമാനിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വീടുകളില്‍ പ്രവേശിക്കു.

കൊവിഡ് മഹാമാരിയെ തങ്ങളെക്കൊണ്ടാകും വിധം പ്രതിരോധിക്കുകയാണ് സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. മൂന്നാറിനെ ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം.

റേഷനടക്കം സാധനങ്ങള്‍ എല്ലാം വരുന്നത് മൂന്നാറില്‍ നിന്നാണ്. നാട്ടുകാര്‍ കൂട്ടമായി മൂന്നാറിലേക്ക് ജീപ്പ് വിളിച്ച് പോയി സാധനങ്ങള്‍ വാങ്ങി വരുന്നതാണ് ഇവരുടെ രീതി.

പകരം ഒരാള്‍ പോയി ആവശ്യ സാധനങ്ങള്‍ വാങ്ങും. അതും മൂന്നാറിനോട് അടുത്ത് കിടക്കുന്ന പെട്ടിമുടി വരെ. തുടര്‍ന്ന് മറ്റുള്ള കുടികളിലേക്ക് സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകും. സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ രണ്ടാഴത്തെ നിരീക്ഷണത്തില്‍ പോകണം. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ പുറത്ത് നിന്നുള്ളവര്‍ക്ക് ഇടമലക്കുടിയില്‍ എത്താനാകു.

Top