Tribal boy shot at Konni forest

പത്തനംതിട്ട: കോന്നി വനത്തിനുള്ളില്‍ ആദിവാസി ബാലന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു. ആദിവാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് ബാലന് വെടിയേറ്റതെന്നാണ് സൂചന. പുറമേ നിന്നുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോന്നി വനമേഖലയിലെ കൊക്കാത്തോട്ട് , ഗുരുനാഥന്‍മണ്ണിനടുത്ത് വെച്ച് ആദിവാസി ബാലന് വെടിയേറ്റത്. തോട്ടാമ്പാറ കോളനിയിലെ മലംപണ്ടാര വിഭാഗത്തില്‍പെട്ട പതിനാല് കാരനായ ശശിക്കാണ് വെടിയേറ്റത്.

ഇന്നലെ ശശിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശശിയുടെ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ ഓമനക്കുട്ടന്‍, രാജന്‍ എന്നിവര്‍ ശശിയെ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വലത് നെഞ്ചിന് താഴെ വെടിയേറ്റ ശശി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

സംഭവത്തില്‍ പിന്നില്‍ പുറത്ത് നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് എവിടെ നിന്ന് തോക്ക് കിട്ടിയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. വേട്ടക്കാരാണ് വെടിവെച്ചതെന്നാണ് ഇവര്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് വനം വകുപ്പും അന്വേഷണം ആരംഭിച്ചു.

Top