ലൈംഗിക പീഡന കേസ്: തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ലൈംഗികപീഡന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടി തള്ളി. ആറു മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

പീഡനാരോപണം കെട്ടിച്ചമച്ചാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു തേജ്പാലിന്റെ ആവശ്യം. എന്നാല്‍ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ച് ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. ഗോവയിലെ കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക. തേജ്പാല്‍ വിചാരണ നടപടിയുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

2013ല്‍ സെപ്റ്റംബറില്‍ സഹപ്രവര്‍ത്തകയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെ തന്നോട് അപമര്യാദയി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ തേജ്പാലിനെ അറസ്റ്റ് ചെയ്തെങ്കിലും 2014 മെയില്‍ അദ്ദേഹം ജാമ്യം കിട്ടി പുറത്തിറങ്ങി.

Top