രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി20 നിര്‍ത്തലാക്കണമെന്ന്‌ ട്രെവര്‍ ബെയ്‌ലിസ്

Trevor Bayliss

സിഡ്‌നി: ട്വന്റി20യെ വിമര്‍ശിച്ച് ഇംഗ്ലീഷ് പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് രംഗത്ത്. ട്വന്റി20 തുടങ്ങിയതു മുതല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്രെവര്‍ ബെയ്‌ലിസിന്റെ വിമര്‍ശനം.

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തായശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോച്ച് വിമര്‍ശനം നടത്തിയിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ട്വന്റി20 വേണ്ടെന്നും വേണമെങ്കില്‍ അത് ഫ്രാഞ്ചൈസികള്‍ തമ്മില്‍ മാത്രം നടത്താമെന്നുമാണ് ബെയ്‌ലിസിന്റെ പക്ഷം.

ലോകകപ്പുകള്‍ അടുക്കുമ്പോള്‍ വേണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരിക്കാം എന്നല്ലാതെ ഏകദിനത്തിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ട്വന്റി20ക്ക് കൊടുക്കേണ്ടതില്ലെന്ന് ബെയ്‌ലിസ് അറിയിച്ചു. സ്ഥിരമായി ട്വന്റി20 കളിക്കുന്നതിനോട് നേരത്തെ തന്നെ ബെയ്‌ലിസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും നിലനിര്‍ത്താനും കുട്ടിക്രിക്കറ്റിന് നല്കുന്ന അമിത പ്രാധാന്യം കുറയ്ക്കണമെന്ന് മുന്‍കാല താരങ്ങളും ആവശ്യപ്പെട്ടിരുന്നു. ട്വന്റി20 ക്രിക്കറ്റ് വ്യാപകമായതോടെ ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കാണാന്‍ ആരാധകരുടെ താല്പര്യം കുറഞ്ഞിരുന്നു. എന്നാല്‍ ട്വന്റി20യ്ക്ക് കൂടുതല്‍ ആരാധകര്‍ എത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് ട്വന്റി20യ്ക്ക് എതിരായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

Top