ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണു; മലപ്പുറത്ത് വീട്ടമ്മ മരിച്ചു

deadbody

മലപ്പുറം: ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. മലപ്പുറം ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ 4 മണിയോടെ വീടിന് അരികില്‍ ഉണ്ടായിരുന്ന പന കടപുഴകി വീഴുകയായിരുന്നു.

ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചുങ്കത്തറ മുട്ടികടവ് പാലം മുങ്ങുകയും മതില്‍മൂല ആദിവാസി കോളനിയില്‍ വെള്ളം കയറുകയും ചെയ്തു. നിലമ്പൂര്‍ കെഎന്‍ ജി റോഡ് വെള്ളത്തിനടിയിലായി. കണ്ണൂരിലും ശക്തമായ മഴ തുടരുകയാണ്. മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ചുരം പാത അടച്ചതിനാല്‍ ഇരിട്ടി- വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ഗതാഗതം മാനന്തവാടി വഴി തിരിച്ചുവിട്ടു.

കോഴിക്കോട് ഇന്നലെ രാത്രി ഉണ്ടായ മഴയില്‍ വടകരക്കടുത്ത് ആയഞ്ചേരിയില്‍ നാല് വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമില്ല. മഴ ശക്തമായതോടെ ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും കൃഷിനാശം ഉണ്ടായി.

Top