അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‌കേണ്ടത് സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തം

hospital

തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‌കേണ്ടത് സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം.

തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെ തുടര്‍ന്നാണു നിയമം കര്‍ശനമാക്കാന്‍ മന്ത്രി കെ.കെ.ശൈലജ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നതാണ്.

2015-ല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതു പ്രായോഗികതലത്തില്‍ നടപ്പാക്കിയിരുന്നില്ല.

ജീവന്‍ രക്ഷിക്കേണ്ടത് ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കടമയാണ്, നിയമ, സാമ്പത്തിക പ്രശ്‌നങ്ങള്‍ ജീവന്‍രക്ഷാ ചികിത്സയ്ക്കു തടസ്സമാകരുത്, വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കേണ്ടതും ആശുപത്രികളുടെ ചുമതലയാണ്, അപകടത്തില്‍പ്പെടുന്നവരുടെ ഒപ്പം എത്തുന്നവര്‍ക്ക് ചികിത്സയുടെ ഉത്തരവാദിത്തം അടിച്ചേല്‍പിക്കുന്ന രീതി അനുവദിക്കില്ല, തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അടിയന്തര ചികിത്സാശൃംഖല പദ്ധതിയിലും സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും.

Top