ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. നാല് ഡോക്ടര്‍മാര്‍, രണ്ട് ബസുക്കള്‍, രണ്ട് പൊതു പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് രൂപീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായതായി ബന്ധുക്കള്‍ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചികിത്സാ രേഖകള്‍ അടക്കമാണ് ഡോക്ടമാര്‍ക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയത്.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

കഴിഞ്ഞ ഏപ്രില്‍ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലായി.

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച രോഗിയെ രണ്ട് തവണ ഡയാലിസിസിന് വിധേയരാക്കിയിരുന്നു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്‍കിയിരുന്നു.

Top