ചികില്‍സ നിഷേധിച്ചു; 13 മണിക്കൂര്‍ അലഞ്ഞ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

നോയ്ഡ: ഉത്തര്‍പ്രദേശില്‍ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് 13 മണിക്കൂറോളം അലഞ്ഞ ഗര്‍ഭിണിക്ക് ഒടുവില്‍ ആംബുലന്‍സില്‍ ദാരുണാന്ത്യം. ഗൗതം ബുദ്ധ് നഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണു സംഭവം. 30കാരിയായ നീലം, ഭര്‍ത്താവ് വിജേന്ദര്‍ സിങ് എന്നിവര്‍ പന്ത്രണ്ടോളം ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ചികില്‍സ നിഷേധിക്കുകയായിരുന്നു.

ശിവാലിക് എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു എട്ടുമാസം ഗര്‍ഭിണിയായിരുന്ന നീലം ചികില്‍സ തേടിയിരുന്നത്. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയെങ്കിലും വേറെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും എല്ലായിടത്തും ചികില്‍സ നിഷേധിച്ചു. ഒടുവില്‍ ജിഐഎംഎസ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ കിടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് എല്‍.വൈ.സുഹാസ് ഉത്തരവിട്ടു.

Top