ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവര്‍ണര്‍; തിരിച്ചടിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്കാര്‍ക്ക് മാത്രം കൊവിഡ് ചികിത്സ നല്‍കിയാല്‍ മതിയെന്ന കെജ്രിവാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ രംഗത്ത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ 150 ലധികം ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഇതിന് പിന്നാലെ നിലപാടിനെ ന്യായീകരിച്ചും ഗവര്‍ണറെ വിമര്‍ശിച്ചും കെജ്രിവാളും രംഗത്ത് വന്നു.

ഡല്‍ഹിയിലെ ആശുപത്രികളില്‍ കഴിയുന്ന എല്ലാവര്‍ക്കും ചികിത്സ നല്‍കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. ചികിത്സ നല്‍കാതിരിക്കാന്‍ സാധിക്കില്ലെന്നും അനില്‍ ബൈജാല്‍ നിലപാടെടുത്തു. എന്നാല്‍ ഈ നിലപാട് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. എല്ലാവര്‍ക്കും ചികിത്സ കൊടുക്കാന്‍ ശ്രമിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നത് വലിയ വെല്ലുവിളിയാണെന്നും കെജ്രിവാള്‍ വിശദീകരിച്ചു.

ഡോ. മഹേഷ് വെര്‍മ്മ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചുരുക്കിയത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലുള്ള 150 ഓളം ആശുപത്രികളിലാണ് നിയന്ത്രണം. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബാധകമല്ല. എന്നാല്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെന്നും കെജ്രിവാള്‍ സര്‍ക്കാര്‍വ്യക്തമാക്കിട്ടുണ്ട്.

Top