വൃദ്ധയുടെ പെൻഷൻ തുക തട്ടിയെടുത്തു, ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് വൃദ്ധയുടെ പെൻഷൻ തുക തട്ടിയ കേസിൽ കോട്ടയം കറുകച്ചാൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അരുണാണ് പിടിയിലായത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച പെൻഷൻ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഈ മാസം 19ന് മറ്റൊരു ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി. കറുകച്ചാൽ സബ് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടായ അരുൺ നെയ്യാറ്റിൻകര ട്രഷറിയിൽ നേരിട്ടെത്തിയാണ് വൃദ്ധയുടെ അക്കൗണ്ടിൽ നിന്ന് ചെക്കിന്റെ മറുപുറത്ത് സ്വന്തം ഒപ്പ് രേഖപ്പെടുത്തി കൈപ്പറ്റിയത്.

കമലമ്മ പരാതി നൽകിയതോടെ, ട്രഷറി ജോയിൻറ് ഡയറക്ടർ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അരുൺ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് അരുണിനെ സസ്പെൻഡ് ചെയ്തു. പെൻഷണറുടെ അറിവോ അനുമതിയോ ഇല്ലാതെ പണം പിൻവലിച്ചതിനാണ് നടപടി. നെയ്യാറ്റിൻകര സബ് ട്രഷറിയിലെ ഓഫീസർ ചെങ്കൽ സ്വദേശി മണി, ക്യാഷ്യർ കാട്ടാക്കട സ്വദേശി അബ്ദുൾ റസാഖ്, ക്ലാർക്ക് മലപ്പുറം സ്വദേശി ജസ്‍ന എന്നിവരേയും നോട്ടപ്പിശകിന് സസ്പെൻ‍ഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Top