ആര്‍എസ്എസിന്റെ അതിക്രമം; പാലക്കാട് സുവിശേഷ യോഗം തടഞ്ഞു

പാലക്കാട്: സുവിശേഷ യോഗം നടത്താനെത്തിയ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം അഴിച്ചുവിട്ടു. പാലക്കാട് പല്ലശ്ശനയിലാണ് സംഭവം. യോഗം നടത്താനെത്തിയ പുരോഹിതരെ തടഞ്ഞ ആര്‍എസ്എസ് പരിപാടി നടത്താന്‍ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പൊലീസ് അനുമതിയോടെയാണ് തങ്ങള്‍ പരിപാടി നടത്തുന്നതെന്ന പുരോഹിതന്മാര്‍ വാദിച്ചു. മൈക്ക് അടക്കം ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. തെറ്റായി ഒന്നും പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ പ്രശ്‌നമുണ്ടാക്കാന്‍ വന്നതല്ല. ഇത് കേരളമല്ലേയെന്നും യാതൊരു പ്രകോപനവും കൂടാതെ സംഘം തടയുകയായിരുന്നുവെന്നും പുരോഹിതര്‍ പറഞ്ഞു.

പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അവര്‍ വന്ന ശേഷം മാത്രം സുവിശേഷം നടത്തിയാല്‍ മതിയെന്നുമായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം. എന്നാല്‍ പല്ലശ്ശന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടി നടന്നിട്ടുണ്ടെന്ന് പുരോഹിതന്മാര്‍ പറഞ്ഞു. അവിടെയെല്ലാം അനുമതിയോടെയാണ് പരിപാടി നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി.

 

Top