രാജ്യദ്രോഹക്കേസ്; കങ്കണയെയും സഹോദരിയെയും ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ്

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെയും സഹോദരിയേയും മുംബൈ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇരുവരോടും ഈ മാസം 26, 27 തീയതികളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ആഴ്ച ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

ബോളിവുഡിനെ അപമാനിക്കുന്നതിനു പുറമെ ട്വീറ്റുകളിലൂടെ സാമുദായിക ഭിന്നിപ്പിക്കലിനും കങ്കണ ശ്രമിക്കുന്നതായി കാസ്റ്റിങ് ഡയറക്ടര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി വിലയിരുത്തിയിരുന്നു

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയ്‌ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ കങ്കണ നടത്തിയിരുന്നു. മുംബൈയില്‍ അരാജകത്വം നിലനില്‍ക്കുന്നുവെന്ന് ആരോപിച്ച കങ്കണ സ്വദേശമായ മണാലിയിലേക്ക് തിരികെ പോകുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പാക്ക് അധിനിവേശ കശ്മീരുമായി ഉപമിച്ച് ഇവിടെ താമസിക്കാന്‍ ഭയക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചതോടെയാണ് ശിവസേനയും കങ്കണയും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

Top