അപൂര്‍വനേട്ടവുമായി ട്രാവിസ് ഹെഡ്; ലോകകപ്പ് ഫൈനലില്‍ റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്ററായാണ് ട്രാവിസ് ഹെഡ് ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനം പിടിച്ചത്. ലോകകപ്പ് ഫൈനലില്‍ റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ട്രാവിസ് ഹെഡ്. 1996ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ചുറി നേടിയ അരവിന്ദ ഡിസില്‍വ മാത്രമാണ് ഹെഡിന്റെ മുന്‍ഗാമി.

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ സെഞ്ചുറി അടിച്ച ശേഷം ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമാണ് ഹെഡ്. 2015, 2019 ലോകകപ്പ് ഫൈനലുകളില്‍ ആരും സെഞ്ചുറി അടിച്ചിരുന്നില്ല. ഏകദിന ലോകകപ്പില്‍ സെഞ്ചുറി അടിച്ച ഇതിഹാസ താരങ്ങളുടെ ലിസ്റ്റിലാണ് ഇന്നത്തെ സെഞ്ചുറിയോടെ ഹെഡ് ഇടം സ്ഥാനം പിടിച്ചത്. പരിക്കുമൂലം ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായ ഹെഡ് ലോകകപ്പ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയിരുന്നു. പോണ്ടിംഗിനും, ഗില്‍ക്രിസ്റ്റിനുംശേഷം ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററുമാണ് ട്രാവിസ് ഹെഡ്.

1975ലെ ലോകകപ്പില്‍ ക്ലൈവ് ലോയ്ഡ്, 1979ലെ ലോകകപ്പില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, 1996ലെ ലോകകപ്പില്‍ അരവിന്ദ ഡിസില്‍വ, 2003ലെ ലോകകപ്പില്‍ റിക്കി പോണ്ടിംഗ്, 2007ലെ ലോകകപ്പില്‍ ആദം ഗില്‍ക്രിസ്റ്റ്, 2011ലെ ലോകകപ്പില്‍ മഹേല ജയവര്‍ധനെ എന്നിവര്‍ മാത്രമാണ് ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ മറ്റ് ബാറ്റര്‍മാര്‍.

Top