നിയമം ലംഘിച്ച് യാത്ര; 26 പേരുടെ ലൈസന്‍സ് റദ്ദാക്കി, 4,70,750 രൂപ പിഴ

നിയമം ലംഘിച്ച് നിരത്തുകളില്‍ വാഹനം ഓടിച്ചവര്‍ക്കെതിരെ നടപടി. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. പരിശോധനയില്‍ 4,70,750 രൂപ പിഴ ഈടാക്കി.

വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടര്‍ന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. കൂടാതെ കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം എഡിജിപി എം ആര്‍ അജിത് കുമാര്‍, ഗതാഗത കമ്മീഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിലെയും മോട്ടോര്‍ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയത്.

Top