താമരശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് യാത്ര: പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

താമരശ്ശേരി ചുരത്തിൽ ഓടുന്ന വാഹനത്തിന്റെ ഡോറിലിരുന്ന് അപകടകരമായ രീതിയിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വാഹനത്തിന് പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. KL-10 AZ 7588 എന്ന വാഹനത്തിലുണ്ടായിരുന്ന യുവാക്കളുടെ സാഹസിക യാത്രയുടെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡോറിൽ കയറി ഇരുന്ന തല പുറത്തേയ്ക്ക് ഇട്ട് ആരവങ്ങളോടെ യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിന്റെ ഇരുവശത്തുമായാണ് യുവാക്കൾ പുറത്തേയ്ക്ക് തലയിട്ട് ഇരിക്കുന്നത്.

വാഹനത്തിന്റെ ഡ്രൈവറോട് മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം അത്താണി സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ സമയത്ത് വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത കോടമഞ്ഞിലൂടെയാണ് യുവാക്കൾ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. വാഹനത്തിന്റെ ഹസാഡസ് ലൈറ്റ് തെളിയിച്ചായിരുന്നു യാത്ര. വാഹന ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. ആർസി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Top