കൊവിഡ് വ്യാപനം; തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

പാലക്കാട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ ഡോ.ജി എസ് സമീരന്‍. ആവശ്യമായ രേഖകളുമായി എത്താത്തവര്‍ മടങ്ങിപ്പോകേണ്ടി വരുമെന്നും കളക്ടര്‍ അറിയിച്ചു.

യാത്രക്കായി എത്തുന്നവര്‍ രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കൈയില്‍ കരുതണമെന്നും ഡോ. ജി എസ് സമീരന്‍ വ്യക്തമാക്കി.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി.

ഇട റോഡിലൂടെ സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും കളക്ടര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുവരുന്ന 99 ശതമാനം പേരും മതിയായ രേഖ കരുതുന്നുണ്ട്. മറ്റുള്ളവരെ തിരിച്ചയ്ക്കും. വിനോദ സഞ്ചാരത്തിന് ഉള്‍പ്പെടെ തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Top