അബുദാബിയില്‍ യാത്രാ നിബന്ധനകളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി

അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. ഇന്ന് ആഗസ്ത് 15 മുതലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക. പുതിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദാബിയില്‍ ക്വാറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ട്. അവര്‍ അബൂദാബിയില്‍ എത്തിയ ഉടനെയും ആറാം ദിവസവും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഈ നിബന്ധനകളില്‍ മാറ്റമില്ല.

ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിന്‍ എടുത്ത യാത്രക്കാര്‍ എമിറേറ്റില്‍ എത്തിയ ഉടനെയും ആറാം ദിവസവും ഒന്‍പതാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. അതോടൊപ്പം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. എന്നാല്‍ വാക്സിന്‍ എടുക്കാത്തവരാണെങ്കില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം.

ഇവര്‍ ആറാം ദിവസത്തിന് പകരം ഒന്‍പതാം ദിവസമാണ് രണ്ടാമത്തെ ടെസ്റ്റ് നടത്തേണ്ടത്. സൗദി അറേബ്യ, യുഎസ്എ, ചൈന തുടങ്ങി 30ഓളം രാജ്യങ്ങളാണ് യുഎഇയുടെ ഗ്രീന്‍ പട്ടികയിലുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതിനിടെ, കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളിലും അബൂദാബി മാറ്റങ്ങള്‍ വരുത്തി.

ഇതും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയും ആറാമത്തെ ദിവസം പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണമെന്ന് അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.

ഫലം നെഗറ്റീവാണെങ്കില്‍ അന്നു തന്നെ ക്വാറന്റൈന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം. എന്നാല്‍ കൊവിഡ് പോസിറ്റീവ് കേസുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ വന്നയാള്‍ വാക്സിന്‍ സ്വീകരിക്കാത്ത ആളാണെങ്കില്‍ 10 ദിവസമാണ് ക്വാറന്റൈന്‍. ഒന്‍പതാമത്തെ ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ പത്താം ദിവസം തന്നെ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

 

Top