ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിൽ തിരുവഞ്ചൂര്‍

തിരുവനന്തപുരം: ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയേയും തരണംചെയ്യാന്‍ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്.

കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് മുന്‍ വൈദ്യുത മന്ത്രി കൂടിയായ ആര്യാടന്‍ മുഹമ്മദ്. ഇന്നത്തെ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കിയ നേതാവായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമുള്ള നേതാവായിരുന്നുവെന്നും ആര്യാടന്‍ മുഹമ്മദിനെ കുറിച്ച് തിരുവഞ്ചൂര്‍ സ്മരിച്ചു.

കോഴിക്കോട് ചികിത്സയിലിരിക്കെയാണ് ആര്യാടന്‍ മുഹമ്മദ്(87)അന്തരിച്ചത്. മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുവരും.

 

Top