സിന്ധുവിന്റെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം: മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കല്‍പ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടും.

സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാനന്തവാടി സബ് ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജീവനക്കാര്‍ക്കെതിരെ മാനന്തവാടി സബ് ആര്‍ടി ഓഫിസിനുമുന്നില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.

 

Top