കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങിയെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: കെഎസ്ആ‍ർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നി‍ർദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസിയുടെ ഗതി നിർണയിക്കുന്ന ചർച്ചയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചർച്ച നിർണായകമാണ്. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്ക് കൂപ്പൺ അടിച്ചേൽപ്പിക്കില്ലെന്നും താൽപര്യം ഉള്ളവർ വാങ്ങിയാൽ മതിയെന്നും ആന്റണി രാജു അറിയിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം ജീവനക്കാർക്ക് നൽകാൻ 50 കോടി രൂപ നൽകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് നിർദേശിച്ചിരുന്നു. ഈ പണം കിട്ടിയതോടെയാണ് ശമ്പള വിതരണം ആരംഭിച്ചത്.

Top