ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷത്തിലേക്ക് നീട്ടുന്ന കാര്യം പരിഗണിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓട്ടോ ടാക്‌സി മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് – കേരളയുടെ പ്രതിനിധി സംഘവുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരള മോട്ടോര്‍ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വര്‍ഷമായി പരിമിതപ്പെടുത്തിയത്. 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി 2022ല്‍ ഉത്തരവുണ്ടാവുകയായി. സ്വകാര്യബസുകള്‍ക്ക് 22 വര്‍ഷം കാലപരിധിയുള്ളപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു.

ക്ഷേമനിധിയിലെ അപാകതകളെ സംബന്ധിച്ചുള്ള പരാതിയില്‍ അക്കാര്യം പരിഹരിക്കേണ്ടത് ക്ഷേമനിധി ബോര്‍ഡ് ആണെന്നും പ്രശ്‌ന പരിഹാരത്തിനായി തൊഴില്‍ വകുപ്പ് മന്ത്രിയുടെ കൂടെ സാന്നിധ്യത്തില്‍ ക്ഷേമനിധി ബോര്‍ഡിന്റെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു. ട്രാഫിക് അഡൈ്വസറി കമ്മിറ്റി പുനഃസ്ഥാപിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കാമെന്നും കമ്മിറ്റിയില്‍ തൊഴിലാളി പ്രതിനിധികളെ കൂടി ഉള്‍പെടുത്താമെന്നും അദ്ദേഹം കോണ്‍ഫെഡറേഷന്‍ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടൊപ്പം കോണ്‍ഫെഡറേഷന്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും പരിശോധിക്കാം എന്ന് മന്ത്രി പറഞ്ഞു.

അതോടൊപ്പം ബസ് ഫെഡറേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ അനുഭാവപൂര്‍വമായ നടപടികള്‍ക്ക് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ നന്ദി അറിയിച്ചു.

Top