എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുലിന്റെ നിലപാട്: ഗണേഷ് കുമാര്‍

കൊല്ലം: രാഹുല്‍ ഗാന്ധിയെയും ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. കൊല്ലത്ത് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷിനെ പുകഴ്ത്തിയും കെബി ഗണേഷ് കുമാര്‍ സംസാരിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ്, സിഎ അരുണ്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഒരുമിച്ച് ഏറ്റവും കൂടുതല്‍ അഭിനയിച്ച നടനാണ് മുകേഷെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല.

കാര്‍ട്ടൂണ്‍ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കളിയാക്കത്തവരായി മലയാള സിനിമയില്‍ ആരുമില്ല. കോണ്‍ഗ്രസിന്റേത് പോലെ മുട്ടേല്‍ എഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട്. എക്‌സര്‍സൈസ് ചെയ്യലും തമിഴ്‌നാട്ടില്‍ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തില്‍ ബി ജെ പിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബി ജെ പിക്ക് വേണ്ടി ആന്റണി നേര്‍ച്ചയാക്കി. ലീഡറുടെ നിര്‍ബന്ധത്തിലാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

പത്മജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ തെമ്മാടിത്തരമാണ് പറഞ്ഞത്. ലീഡറെ കാണാന്‍ മുണ്ടിന്റെ അടിയില്‍ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോണ്‍ഗ്രസുകാര്‍. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഇക്കൂട്ടത്തിലുണ്ട്. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തത്.

 

Top