Transport Minister asked the Chief minister ; Tomin J Thachankary position change

കോട്ടയം: പിറന്നാള്‍ ആഘോഷം അടക്കം ഒട്ടനവധി വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി സ്ഥാനത്തു നിന്ന് തെറിച്ചേക്കും. തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ തന്നെ അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടും.

തച്ചങ്കരി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നെന്നാണ് മന്ത്രിയുടെ പരാതി. അതുകൊണ്ട് തച്ചങ്കരിയെ മാറ്റണമെന്നു മന്ത്രി, മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടേക്കും.

പിറന്നാള്‍ ആഘോഷ വിവാദം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചതിനു പിന്നാലെയാണ് നടപടി.

മന്ത്രിയുടെ അഭിപ്രായംപോലും ആരായാതെയാണു ഗതാഗത കമ്മിഷണര്‍ വകുപ്പിലെ പല ഉത്തരവുകളും നടപ്പാക്കുന്നതെന്നും അതിനാല്‍ കമ്മിഷണറെ മാറ്റണമെന്നും എന്‍സിപി സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

പിറന്നാളിനോടനുബന്ധിച്ച് എല്ലാ ആര്‍ടി ഓഫീസുകളിലും മധുരം വിതരണം ചെയ്തതും പിറന്നാളാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ ഓഫീസുകളിലേക്കും സര്‍ക്കുലര്‍ അയച്ചതുമാണു ഗതാഗമന്ത്രിയെ ചൊടിപ്പിച്ചത്. ഗതഗാത കമ്മിഷണറായശേഷം തച്ചങ്കരി വകുപ്പില്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങളും പരാമര്‍ശിച്ചിരുന്നു. ഇതു വിവാദമായതോടെ പിറന്നാള്‍ ആഘോഷിക്കാന്‍ താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി തച്ചങ്കരി രംഗത്തുവന്നിരുന്നു.

ഇരുചക്ര വാഹനയാത്രികര്‍ക്കു ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന തച്ചങ്കരിയുടെ ഉത്തരവും വിവാദത്തിനിടയാക്കിയിരുന്നു. മന്ത്രിയോട് ആലോചിക്കാതെ വകുപ്പിലെ ജീവനക്കാരെ സ്ഥലംമാറ്റിയതും വിവാദത്തിനിടയാക്കി.

ഇതിനെതിരേ പാര്‍ട്ടിയില്‍നിന്നുശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് മന്ത്രി മരവിപ്പിച്ചു. ഐഎഎസുകാരുടെ വാഹനത്തിലെ നീലക്കൊടി മാറ്റാന്‍ നിര്‍ദേശിച്ചതായിരുന്നു മറ്റൊരു വിവാദ ഉത്തരവ്.

Top