12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് മന്ത്രി, എട്ടു മണിക്കൂറിൽ കൂടുതൽ പറ്റില്ലെന്ന് കെഎസ്ആർടിസി യൂണിയനുകൾ

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു മൂന്നാം വട്ടം നടത്തിയ ചർച്ചയും പരാജയം. സിംഗിൾ ഡ്യൂട്ടിയുടെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് നിലനിൽക്കുന്നത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തോട് സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി മതിയെന്ന നിലപാടിൽ യൂണിയനുകൾ ഉറച്ചുനിന്നതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.

സുശീൽ ഖന്ന റിപ്പോർട്ട് അനുസരിച്ച് കെ എസ് ആർ ടി സിയിലെ പ്രതിസന്ധി പരിഹരിച്ച് ലാഭകരമാക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. എട്ടു മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാലുമണിക്കൂർ വിശ്രമവും അടങ്ങുന്നതാണ് സമയക്രമം. വിശ്രമസമയത്തിന് അധിക വേതനം വേണ്ടെന്ന നിയമോപദേശം സർക്കാർ തൊഴിലാളി യൂണിയനുകളെ അറിയിച്ചു. എന്നാൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. കെ എസ് ആർ ടി സിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചർച്ച വീണ്ടും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

1961ലെ മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് പ്രകാരമുള്ള 8 മണിക്കൂർ സിംഗിൾ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂ എന്നാണ് അംഗീകൃത തൊഴിലാളി യൂണിയനുകൾ പറയുന്നത്. നിയമവും ചട്ടവും പറഞ്ഞുള്ള തർക്കത്തിലാണ് കഴിഞ്ഞ രണ്ട് ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞത്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിച്ചാലേ എല്ലാ മാസവും 5ന് ശന്പളമെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാകൂ എന്നതാണ് സർക്കാർ നിലപാട്.

Top