സ്വകാര്യബസ് സമരം ഉണ്ടാവില്ല; പ്രശ്‌ന പരിഹാരം ഉറപ്പു നല്‍കി ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യബസ് സംഘടനാ ഭാരവാഹികള്‍ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. അവര്‍ സംതൃപ്തരാണെന്ന് അറിയിച്ചുവെന്നും ബസ് വര്‍ദ്ധന ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചര്‍ച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും ഉടനടി ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനകാര്യ വകുപ്പ് പാസാക്കിയ തുകയില്‍ 30 കോടി രൂപയുടെ കുറവ് വന്നുവെന്നും അത് പാസാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പണം നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ ശമ്പള വിതരണം ആരംഭിക്കുമെന്നും ഇപ്പോഴുള്ള സമരം സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി വരുമാനം വര്‍ധിക്കുന്നുണ്ടെന്നും ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്‍കിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ മാനേജ്മെന്റിനു അധികാരമുണ്ടെന്നും അത് മന്ത്രി അറിയണമെന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

Top