‘പിന്തുണക്ക് നന്ദി, സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്’; ആന്റണി രാജു

തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നല്‍കി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും കെഎസ്ആര്‍ടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ കുടുംബസമേതമാണ് ആന്റണി രാജു എത്തിയത്.

നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്. ഗണേഷ് കുമാറിന്റെയും,കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ നടക്കും. ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവര്‍ കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്.

Top