വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളെ വിലക്കി; ഡാനിയല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ദുബായ്: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളെ ഐസിസി വിലക്കി. നടപടിക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായ കാനഡയുടെ ഡാനിയല്‍ മക്ഗാഹെ. ഐസിസി തീരുമാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ഡാനിയല്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഐസിസിയുടെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ കാനഡയ്ക്കു വേണ്ടി ആറ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിയല്‍ മക്ഗാഹെ. വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമെന്ന ബഹുമതിയും അന്ന് ഡാനിയേല സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസിയുടെ ഭരണസമിതി യോഗത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിതാ ക്രിക്കറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം കൈക്കൊണ്ടത്. ഏതെങ്കിലും കായിക താരങ്ങള്‍ പുരുഷനില്‍ നിന്ന് സ്ത്രീയാകാനുള്ള ലിംഗമാറ്റ ചികിത്സയോ, ശസ്ത്രക്രിയയോ നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല എന്നാണ് സമിതിയുടെ തീരുമാനം.

വനിതാ ക്രിക്കറ്റിന്റെ സംശുദ്ധിയും താരങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഐസിസി വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങളെ വനിതാ സ്‌പോര്‍ട്‌സില്‍ നിന്ന് വിലക്കുന്ന അഞ്ചാമത്തെ കായിക സംഘടനയായി ഐസിസി മാറി. നേരത്തെ റഗ്ബി യൂണിയന്‍, നീന്തല്‍, സൈക്ലിങ്, അത്‌ലറ്റിക്‌സ് എന്നിവയില്‍ വനിതാ വിഭാഗം താരങ്ങള്‍ക്കൊപ്പം മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top