വാഹനങ്ങളുടെ ഉടമസ്ഥത കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജിയില്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: വാഹനങ്ങളുടെ ഉടമസ്ഥത കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. വായ്പാ ബാധ്യതയില്ലാത്ത വാഹനങ്ങള്‍ ഉടമ അറിയാതെ ഉടമസ്ഥത കൈമാറാന് കഴിയുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പരിവാഹന്‍ വെബ്‌സൈറ്റ് വഴി ഉടമ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥത കൈമാറാന്‍ കഴിയുമെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

തന്റെ ഉടമസ്ഥതയിലുള്ള വാഹനം രേഖകളില്‍ തന്റെ വ്യാജ ഒപ്പിട്ട് ഭര്‍ത്താവ് സ്വന്തം പേരിലേയ്ക്ക് മാറ്റിയെന്ന് ആരോപിച്ചണ് ഹര്‍ജി. വാഹന കൈമാറ്റത്തിനുള്ള ഒരു രേഖയിലും ഹര്‍ജിക്കാരി ഒപ്പിട്ടിരുന്നില്ല. എന്നാല്‍ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വാഹനത്തിന്റെ ഉടമസ്ഥത മാറിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും മറ്റ് നടപടിയൊന്നും മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചില്ല. തുട്രന്നാണ് എറണാകുളം സ്വദേശിനി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹര്‍ജി പരിഗണിച്ചത്.

Top