യുപിയിലെ 16 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 16 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കറിനെ മിര്‍സാപുരിലേക്കാണ് സ്ഥലം മാറ്റിയത്. നിലയില്‍ യു.പി. ജല്‍നിഗം അഡീഷണല്‍ എം.ഡി.യായ രമേശ് രഞ്ജനെ ഹാഥ്‌റസിലെ പുതിയ ജില്ലാ മജിസ്‌ട്രേറ്റായും നിയമിച്ചു. ഇതിനുപുറമേ ഗോണ്ട, പ്രതാപ്ഘട്ട്, ബല്‍റാംപുര്‍,ഫത്തേഹ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും നോയിഡ അഡീ. സി.ഇ.ഒ ഉള്‍പ്പെടെയുള്ളവരെയും വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

ഹാഥ്‌റസില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെയാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടികളും വിവാദത്തിലായത്. യുവതിയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചതിന് പിന്നില്‍ പൊലീസും ജില്ലാ ഭരണകൂടവുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

സംഭവത്തില്‍ കോടതിയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ഹാഥ്‌റസിലെ ജില്ലാ മജിസ്‌ട്രേറ്റിനെതിരേ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം ഹാഥ്‌റസിലെ ജില്ലാ മജിസ്‌ട്രേറ്റിനെ അടക്കം സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Top