കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; സമരത്തോടുള്ള പ്രതികാര നടപടിയെന്ന് ജീവനക്കാരുടെ സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 2500 ഡ്രൈവര്‍മാരെയും 1500 കണ്ടക്ടര്‍മാരെയും സ്ഥലംമാറ്റി. സ്ഥലംമാറ്റല്‍ സംബന്ധിച്ച കരട് പട്ടിക പുറത്തിറങ്ങി. സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞു.

എന്നാല്‍ പ്രതികാര നടപടിയല്ലെന്നും സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നും ജീവനക്കാരുടെ വീടിനടുത്തേക്കാണ് സ്ഥലംമാറ്റമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രിയുടെയും എംഡിയുടെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുമായി നാളെ ചര്‍ച്ച നടക്കും. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.

പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന വേളയില്‍ പണിമുടക്ക് അനുവദിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല, ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ തുടങ്ങിയെന്നു കരുതാവുന്ന സാഹചര്യമാണെന്നും കോടതി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നിശ്ചലമാകുന്നതു പൊതുജനങ്ങളെ ബാധിക്കുമെന്നു കാണിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.

Top