ട്രെയിനുകളിൽ തിരക്കേറി;എറണാകുളം – തൃശൂർ യാത്ര ദുരിതം

കോവിഡ് ഭീതിക്ക് തെല്ല് ആശ്വാസമായതോടെ ട്രെയിനുകളില്‍ തിരക്കേറി. അതേസമയം തൃശൂര്‍ – എറണാകുളം ഭാഗത്തേക്ക് രാവിലെ അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ ഉണ്ടെങ്കിലും തിരിച്ച് ട്രെയിനുകള്‍ ഇല്ലാത്തതാണ് ദുരിതമായത്. അതിനാല്‍ വൈകീട്ട് 5.40ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ വന്‍ തിരക്കാണ്.

രാവിലെ എറണാകുളം ഭാഗത്തേക്ക് ഗുരുവായൂര്‍ -പുനലൂര്‍, ഗുരുവായൂര്‍ – എറണാകുളം സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് പുറമെ 9.45ന് തൃശൂരിലെത്തുന്ന കണ്ണൂര്‍ – ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസും അണ്‍ റിസര്‍വ്ഡ് ട്രെയിനായി ഉണ്ട്.

ഇവ മൂന്നിലും തിരക്കുമുണ്ട്. എറണാകുളത്തേക്കുള്ള സ്ഥിരം യാത്രക്കാര്‍ ആശ്രയിക്കുന്ന, തിരിച്ച് തൃശൂരില്‍ എത്തുന്നതിനായി വൈകീട്ട് 3.55ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ആലപ്പുഴ -കണ്ണൂര്‍ എക്‌സ്പ്രസ് കഴിഞ്ഞാല്‍ പിന്നെയുള്ളത് ഷൊര്‍ണൂര്‍ മെമു ട്രെയിനാണ്.

രാത്രി 7.55നുള്ള എറണാകുളം – ഗുരുവായൂര്‍ സ്‌പെഷല്‍ ട്രെയിന്‍ ആണ് പിന്നീട് സ്ഥിരം യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന അടുത്തത്.

ഇതിനിടെ മെമുവിന് തൊട്ട് മുമ്പില്‍ പോകുന്ന ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസിലും പിന്നില്‍ പോകുന്ന കന്യാകുമാരി – ബംഗളൂരു ഐലന്റ് എക്‌സ്പ്രസിലും അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചാല്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സീസണ്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും. നിലവില്‍ ഈ ട്രെയിനില്‍ ബുക്ക് ചെയ്താലാണ് യാത്ര ചെയ്യാനാകുക. മെമു ട്രയിനില്‍ കോച്ചുകള്‍ കുറവായതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്

നേരത്തെ ഉണ്ടായിരുന്ന എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍ ആണ് മെമു ആയത്. മെമു ട്രയിന്‍ മാറ്റി ജനറല്‍ കോച്ചുകള്‍ ഉള്ള പാസഞ്ചര്‍ ട്രെയിന്‍ ആക്കണമെന്ന ആവശ്യവും ശക്തമാണ്. വിഷയം ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചതായി ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗം അരുണ്‍ ലോഹിദാക്ഷന്‍ അറിയിച്ചു

 

Top