പരിശീലക കിം ജി ഹ്യുന്‍ രാജിവച്ചു: സിന്ധുവിന് തിരിച്ചടിയായേക്കും

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന് കനത്ത തിരിച്ചടിയായി ദക്ഷിണ കൊറിയയില്‍നിന്നുള്ള ഇന്ത്യന്‍ വനിതാ ടീം പരിശീലക കിം ജി ഹ്യുന്‍ രാജിവച്ചു. അസുഖബാധിതനായ ഭര്‍ത്താവിന്റെ ചികിത്സാര്‍ഥമാണ് കിമ്മിന്റെ രാജി.

പലവട്ടം കൈവിട്ട ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്ക് ഇക്കുറി സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണില്‍ സിന്ധു രണ്ടാം റൗണ്ടില്‍ത്തന്നെ പുറത്തായതിന്റെ നിരാശയ്ക്കിടെയാണ് പരിശീലകയുടെ രാജി. ഭര്‍ത്താവിനൊപ്പം ന്യൂസീലന്‍ഡില്‍ ആയിരുന്നതിനാല്‍ ചൈന ഓപ്പണില്‍ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല.

ലോക അഞ്ചാം നമ്പര്‍ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം പരിശീലക വേഷത്തില്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് കിം ഉണ്ടായിരുന്നത്. എന്നാല്‍, ഈ ചെറിയ കാലയളവിനുള്ളില്‍ താരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് കിമ്മിന്റെ പടിയിറക്കം. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഭര്‍ത്താവിന് പക്ഷാഘാതം വന്നതോടെയാണ് കിം ഇന്ത്യ വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ന്യൂസീലന്‍ഡിലാണ് കിം.

രാജ്യാന്തര ബാഡ്മിന്റനില്‍ ദക്ഷിണ കൊറിയയുടെ പരിശീലകയായിരുന്നു കിം. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ടീമിന്റെ പ്രകടനം മോശമായതിന്റെ പേരില്‍ പുറത്താക്കപ്പെട്ടതോടെയാണ് സിന്ധുവിന്റെ പരിശീലകയായത്. മുഖ്യ പരിശീലകന്‍ പുല്ലേല ഗോപചന്ദ്, മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കൊപ്പം പെട്ടെന്ന് ഇണങ്ങിയ കിം നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇക്കുറി കിരീടം നേടാന്‍ സിന്ധുവിനെ സഹായിച്ചത്.

Top