പ്രളയക്കെടുതി അടങ്ങി; സംസ്ഥാനത്തെ ട്രെയിന്‍ സര്‍വ്വീസ് ബുധനാഴ്ചയോടെ പതിവ് സമയത്ത്‌

train

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വ്വീസ് ബുധനാഴ്ചയോടെ പതിവ് സമയത്ത് സര്‍വ്വീസ് നടത്തും. വെള്ളപ്പൊക്കത്തില്‍ ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനുകള്‍ കായംകുളം വരെയും ചിലത് ആലപ്പുഴ വഴി എറണാകുളം വരെയും മംഗലാപുരത്ത് നിന്നുള്ള ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെയുമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ കേരളം ഒഴിവാക്കി മധുര വഴി കന്യാകുമാരിയിലേക്കാണ് സര്‍വ്വീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയുള്ള സര്‍വ്വീസുകളും എറണാകുളത്തുനിന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള സര്‍വ്വീസുകളുമാണ് പൂര്‍ണമായും മുടങ്ങിയത്. കോട്ടയം വഴിയുള്ള സര്‍വ്വീസ് ശനിയാഴ്ചയും ഷൊര്‍ണ്ണൂര്‍ വരെയുള്ളത് തിങ്കളാഴ്ചയും പുനരാരംഭിച്ചുവെങ്കിലും ബോഗികളുടെ അപര്യാപ്തതമൂലം സര്‍വ്വീസുകള്‍ സമയത്തിന് നടത്താനായിരുന്നില്ല.

കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി രണ്ടരമണിക്കൂറും മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ അരമണിക്കൂറിലേറെയും കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് രണ്ടുമണിക്കൂറും വൈകിയാണ് സര്‍വ്വീസ് നടത്തിയത്.

നാളെ രാവിലെ 6.15 ന് തിരുവനന്തപുരത്ത് നിന്ന് ഗോരഖ്പൂരിലേക്കുള്ള രപ്തിസാഗര്‍ രണ്ടുമണിക്കൂര്‍ വൈകി രാവിലെ 8.15 നായിരിക്കും പുറപ്പെടുക. മറ്റ് ട്രെയിനുകള്‍ കൃത്യസമയങ്ങളില്‍ പുറപ്പെടും.

Top