ചുറ്റും വെള്ളത്തില്‍ കുടുങ്ങി ട്രെയിന്‍; യാത്രക്കാരെ രക്ഷപ്പെടുത്തി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്‌സ്പ്രസില്‍ കുടുങ്ങിയ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി. യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ കോലാപൂരില്‍ എത്തിക്കും. എഴുനൂറ് യാത്രക്കാരെയും തിരികെയെത്തിക്കാന്‍ പത്തൊമ്പത് കോച്ചുകളുമായുള്ള പ്രത്യേക ട്രെയിന്‍ കല്ല്യാണില്‍ നിന്നും പുറപ്പെടും.

വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് പ്രദേശത്തേയ്ക്ക് രണ്ടു സൈനിക ഹെലികോപ്റ്ററുകളും ആറു ബോട്ടുകളും അയച്ചിരുന്നു. ഇവരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

ദൗത്യത്തില്‍ പങ്കാളികളായ ദേശീയ ദുരന്ത നിവാരണസേനയുടെയും സൈന്യത്തിന്റെയും അംഗങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. മുംബൈയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെ, വംഗാണിക്കും ബദ്‌ലാപുറിനും ഇടയിലാണ് ട്രെയിന്‍ കുടുങ്ങിക്കിടന്നത്. ട്രെയിനിനു ചുറ്റും ആറടിയോളം വെള്ളക്കെട്ടാണു രൂപപ്പെട്ടിരുന്നത്.

മണ്‍സൂണിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കു കാരണം. അതേസമയം അടുത്ത ദിവസങ്ങളിൽ മുംബൈയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.റായ്ഗഢ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Top