ബാലരാമപുരം ടണലിന് സമീപം മണ്ണിടിഞ്ഞു വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ബാലരാമപുരം: ബാലരാമപുരം ടണലിന് സമീപത്തായി മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ 3.50ന് നാഗര്‍കോവില്‍ ഭാഗത്തു നിന്നും വന്ന ഏറനാട് എക്‌സ്പ്രസ് ബാലരാമപുരത്ത് എത്തുമ്പോഴായിരുന്നു മണ്ണിടിഞ്ഞു വീണത്.

ട്രാക്കില്‍ മണ്ണ് മൂടിയത് ശ്രദ്ധതിയില്‍ പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഉടന്‍ തിരുവനന്തപുരം സെട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എത്തിയ എന്‍ജിനിയറിംഗ് വിഭാഗത്തിലെ തൊഴിലാളികള്‍ ഭാഗികമായി മണ്ണ് മാറ്റി രാവിലെ ആറു മണിയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.

വീണ്ടും മണ്ണിടിയാനുളള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് ചാക്കുകളില്‍ മണ്ണ് നിറച്ച് ഭിത്തി കെട്ടി മണ്ണിടിച്ചില്‍ തടയാനിളള ശ്രമം തുടരുകയാണ്. ടണല്‍ ആയതിനാല്‍ ട്രെയിന്‍ വേഗത കുറച്ചതിനാലാണ് മണ്‍തിട്ട കാണാന്‍ സാധിച്ചതെന്ന് ട്രെയിനിലുണ്ടായിരുന്ന ലോക്കാ പൈലറ്റ് പറഞ്ഞു.

Top