ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: പ്ലാറ്റ്ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്കു വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലക്കാട് കരിമ്പവേലൂര്‍ വീട്ടില്‍ ലാലി ജോസ് (59) ആണ് ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് കാല്‍വഴുതി വീണത്. ഭിത്തിയോട് ചേര്‍ന്ന് നിന്നതിനാലാണ് ലാലി വലിയ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ന്യൂഡല്‍ഹി കേരള എക്സ്പ്രസില്‍ കയറുമ്പോഴായിരുന്നു കാല്‍വഴുതി ലാലി ട്രാക്കിലേക്ക് വീണത്. തൃശൂര്‍ സ്റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് പോകുകയായിരുന്നു ലാലി ജോസ്.ലാലി പിടിവിട്ട് വീഴുന്നതു കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരാള്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പ്ലാറ്റ്ഫോമിനും ആദ്യ പാളത്തിനുമിടയില്‍ വീണ ലാലിക്ക് അരികിലൂടെ ഏതാനും കോച്ചുകള്‍ കടന്നുപോയിരുന്നു.

ഭിത്തിയോടു ചേര്‍ന്നു കിടന്നതിനാല്‍ അവര്‍ പരുക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം യാത്രക്കാര്‍ ചേര്‍ന്ന് ലാലിയെ പുറത്തെത്തിച്ചു. റെയില്‍വേ ജീവനക്കാരും ആര്‍പിഎഫും ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.

Top