കോവിഡ്; സ്പെഷ്യൽ ട്രെയിനിയിൽ യാത്ര ചെയ്യണോ ? ആരോഗ്യ സേതു ആപ്പ് നിർബന്ധം

ന്യൂഡൽഹി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ സ്പെഷ്യൽ രാജധാനി ട്രെയിനുകളിലെ യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ കോവിഡ് ട്രാക്കറായ ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി. യാത്ര ആരംഭിക്കുന്നതിന് മുമ്പ് അപ്പ് ഡൗൺലോഡ് ചെയ്യണമെന്നത് നിർബന്ധമാണെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ സഹിതമാണ് റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്.
എന്നാൽ സ്പെഷ്യൽ ട്രെയിനുകൾ ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്കായി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.

അടിയന്തിര ആരോഗ്യ സേവനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.

ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷൻ രോഗവ്യാപനം സംബന്ധിച്ച് ജനങ്ങൾക്ക് വേണ്ട നിർദേശങ്ങളും മുന്നറിയിപ്പുകളുമാണ് നൽകുന്നത്.

ഉപയോക്താക്കൾക്ക് കോവിഡ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.അവർ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാവും. ആരോഗ്യ സേതു പ്രവർത്തിപ്പിക്കാൻ സർക്കാരിന്റെ കൈവശമുള്ള രോഗബാധിതരുടെ ഡേറ്റാബേസും ഉപയോഗിക്കുന്നുണ്ട്.

കോവിഡ്-19 ട്രാക്കർ ആപ്ലിക്കേഷൻ നിലവിൽ ഹിന്ദി, ഇംഗ്ലിഷ് ഉൾപ്പെടെ 11 ഭാഷകളെയാണ് പിന്തുണയ്ക്കുന്നത്. ആപ്പ് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ആവശ്യമാണ്. മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷൻ അടിസ്ഥാനമാക്കി ഉപയോക്താക്കൾ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാൻ സാധിക്കുന്നതാണ്.

Top