മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‌തെന്ന് ടിടിഇ; ട്രെയിനില്‍ ശല്യമുണ്ടാക്കിയെന്ന് ഡിവൈഎസ്പി

കണ്ണൂര്‍: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ടിടിഇ പി.എം.കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടി. മദ്യപന്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ടിടിഇ പറഞ്ഞു. വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ ട്രെയിനില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ മാറ്റാന്‍ നിര്‍ദേശിച്ചത് ടിടിഇയാണ്. മര്‍ദ്ദിച്ചത് തെറ്റെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റെയില്‍വേ എസ്പി ചൈത്രാ തെരേസാ ജോണിന്റെ പരിശോധനയിലാണ്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

Top