ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക്; കേരളത്തില്‍ നിന്ന് രണ്ടാമത്തെ ട്രെയിന്‍ പുറപ്പെട്ടു

കൊച്ചി: കൊവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ആലുവയില്‍ നിന്നും പുറപ്പെട്ടു. 1111 പേരാണ് ഈ ട്രെയിനില്‍ യാത്ര പുറപ്പെട്ടത്. ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്ത് നിന്നും അതിഥി തൊഴിലാളികളുമായി ഝാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ പുറപ്പെട്ടിരുന്നു. നാളെ വൈകുന്നേരം തൃശൂരില്‍ നിന്ന് ബിഹാറിലേക്ക് ട്രെയിന്‍ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും നാളെ ബിഹാറിലേക്ക് പോകുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ തുടങ്ങി കഴിഞ്ഞു. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മുഗണന പട്ടിക തയ്യാറാക്കുന്ന ജോലി രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ജില്ലയിലെ അതിഥി തൊഴിലാളികളില്‍ അധിക പേരും കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലുമാണ് ജോലിചെയ്യുന്നത്. പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് അധികവും.

പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്താണ് യാത്രക്ക് വേണ്ടിയുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. കുട്ടികള്‍ക്കും സ്ത്രികള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസര്‍മാര്‍ അടങ്ങിയ സംഘമാണ് പട്ടിക തയ്യാറാക്കുന്നത്.

രണ്ട് ദിവസത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കും. കോട്ടയം തിരുവല്ല എന്നിവിടങ്ങളില്‍ നിന്നായിരിക്കും ട്രെയിനുകള്‍ പുറപ്പെടുക. ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നത് കെഎസ്ആര്‍ടിസി ബസുകളിലായിരിക്കും. രോഗലക്ഷണം ഉള്ളവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമേ നാട്ടിലേക്ക് അയക്കൂ.

Top