തമിഴ്‌നാട് റെയില്‍വേയിലും അറ്റകുറ്റപ്പണി; കേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടും

train

പാലക്കാട്: തമിഴ്‌നാട്ടിലെ റെയില്‍വേ ഡിവിഷനുകളിലും അറ്റകുറ്റപ്പണി സജീവമായതിനാല്‍ കേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടും. സേലം ഡിവിഷനിലും മധുര ഡിവിഷനിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ വൈകിയോടുന്നതോടെ യാത്രക്കാര്‍ വെട്ടിലായിരിക്കുകയാണ്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ട്രെയിനുകള്‍ വൈകുന്നതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ ബാധിക്കും.

എന്നാല്‍, ദീര്‍ഘദൂര ട്രെയിനുകളുടെ സമയത്തില്‍ നേരിയ വ്യത്യാസം വരുന്നത് പ്രശ്‌നമായി കാണേണ്ടെന്ന നിലപാടിലാണ് റെയില്‍വേ. സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി, ചെന്നൈ എഗ്മോര്‍-മംഗളൂരു, തിരുവനന്തപുരം-ഹൈദരാബാദ് ശബരി , തിരുവനന്തപുരം-കോര്‍ബ തുടങ്ങിയ പ്രധാന ട്രെയിനുകള്‍ക്ക് അര മണിക്കൂറിലധികം നിയന്ത്രണമുണ്ടാകില്ല.

അതേസമയം, കേരളത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മഴയായതിനാല്‍ പലയിടത്തും ജോലി നിര്‍ത്തിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും സര്‍വിസ് നടത്തുന്ന ട്രെയിനുകളെ ബാധിക്കാത്ത വിധമാണ് ഡിവിഷനുകളിലെ അറ്റകുറ്റപ്പണി.

Top