ലോക്കോ പൈലറ്റില്ലാതെ തീവണ്ടി എന്‍ജിന്‍ നീങ്ങി, പിന്നീടുണ്ടായത്….!

train

കലാപുരി: ലോക്കോ പൈലറ്റില്ലാതെ തീവണ്ടി എന്‍ജിന്‍ മുന്നോട്ട് നീങ്ങിയത് 13 കീലോമീറ്റര്‍.

ഒടുവില്‍ ബൈക്കില്‍ പിന്തുടര്‍ന്ന് എന്‍ജിന്‍ നിര്‍ത്തിച്ച റെയില്‍വേ ഉദ്യോഗസ്ഥന്റെ സാഹസം ഒഴിവാക്കിയത് വന്‍ ദുരന്തം.

കര്‍ണാടകയിലെ വാടി സ്റ്റേഷനിലാണ് ബുധനാഴ്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വാടി ജംഗ്ഷനിലെത്തിയ ചെന്നൈ-മുംബൈ തീവണ്ടിയുടെ ഇലക്ട്രിക് എന്‍ജിനാണ് അപകടത്തില്‍ പെട്ടത്. ഇലക്ട്രിക് എന്‍ജിന്‍ മാറ്റി ഡീസല്‍ എന്‍ജിന്‍ ബോഗിയുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് എന്‍ജിന്‍ മുന്നോട്ട് നീങ്ങിയത്. തുടര്‍ന്ന് 13 കിലോമീറ്ററോളം സഞ്ചരിക്കുകയായിരുന്നു.

30 കിലോമീറ്റര്‍ വേഗതയില്‍ എന്‍ജിന്‍ ഓടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. വാടി മുതല്‍ മഹാരാഷ്ട്രയിലെ സോളാപുര്‍ വരെയുള്ള ഭാഗം വൈദ്യൂതീകരിച്ചിരുന്നില്ല. അങ്ങനെയാണ് എന്‍ജിന്‍ മാറ്റിയത്.

എന്‍ജിന്‍ നീങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ബൈക്കില്‍ എന്‍ജിനെ പിന്തുടരുകയായിരുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാടി സ്റ്റേഷന്‍ അധികൃതര്‍ സംഭവം അടുത്ത സ്റ്റേഷനുകളില്‍ അറിയിക്കുകയും മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.

സമാന്തര റോഡിലൂടെ ബൈക്കില്‍ പിന്തുടര്‍ന്ന് നാല്‍വാറില്‍ വെച്ചാണ് ഇയാള്‍ എന്‍ജിനില്‍ കയറി ഓട്ടം നിര്‍ത്തിച്ചത്. എന്‍ജിന്‍ എങ്ങനെ നീങ്ങിയെന്നതിനെ കുറിച്ച് റെയില്‍വേ അധികൃതര്‍ക്കും കൃത്യമായ വിവരമില്ല. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top