train accident; two people died

തിരുവനന്തപുരം: തമ്പാനൂരിലും കൊല്ലത്തുമായി ട്രെയിന്‍ തട്ടി രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് തൈയ്ക്കാട് ഓവര്‍ ബ്രിഡ്ജിനും കൊല്ലത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാവിലെ 7 മണിയോടെയാണ് തൈയ്ക്കാട് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെതെന്ന് കരുതുന്ന ബാഗ് ട്രാക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബെഡ് ഷീറ്റും വസ്ത്രങ്ങളുമുള്‍പ്പെടെ ഇതിലുള്ളതായി പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയാന്‍ സഹായകമായ സൂചനകളൊന്നും ബാഗില്‍ നിന്ന് ലഭിച്ചിട്ടില്ല. തമ്പാനൂര്‍ പൊലീസെത്തി മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊല്ലത്ത് കമ്മിഷണര്‍ ഓഫീസിന് സമീപം 40 വയസ് തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് കണ്ടത്. രാവിലെ 7മണിയോടെ നാട്ടുകാരാണ് മൃതദേഹം കാണപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. ഈസ്റ്റ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേമം സ്വദേശിയെന്ന് കരുതുന്ന ലിബിനാണ് (23) പരിക്കേറ്റത്. മധുര കൊല്ലം പാസഞ്ചറില്‍ യാത്രചെയ്യുകയായിരുന്ന നേമം റെയില്‍വേ സ്റ്റേഷന് സമീപമുള്ള അരിക്കടമുക്ക് പാലത്തിന് സമീപം വച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പൊലീസിനെ അറിയിച്ചത്.

റെയില്‍ അലര്‍ട്ടില്‍ നിന്ന് നേമം പൊലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ ഇടതുകൈ അറ്റുപോയ ലിബിന് തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ ചികിത്സയിലാണ് ഇയാള്‍.

Top