സിസിടിവി തുണച്ചു; മുംബൈയില്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

train

മുംബൈ: മുംബൈ-പൂന റെയില്‍പാതയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മണ്‍സൂണ്‍ കാലത്ത് റെയില്‍ പാളങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവിയാണ് തുണയായത്.

മുംബൈ-പൂന റെയില്‍പാതയിലെ ഘാട്ട് സെക്ഷനില്‍ വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ലോണാവാലയ്ക്കു സമീപം റെയില്‍ ട്രാക്കിലേക്ക് ഒരു വലിയ കല്ല് വീണു. ഈ വഴിയിലൂടെയാണ് രണ്ടു മണിക്കൂറിനുള്ളില്‍ മുംബൈ-കോലാപ്പുര്‍ സഹ്യാദ്രി എക്‌സ്പ്രസ് പോകേണ്ടിയിരുന്നത്. സിസിടിവി പരിശോധിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കണ്ണില്‍ കൂറ്റന്‍ കല്ല് പെടുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ടവരിലേക്കു വിവരം കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.


സഹ്യാദ്രി എക്‌സ്പ്രസ് പുറപ്പെട്ടിരുന്നെങ്കിലും താക്കുര്‍വാഡി സ്റ്റേഷനിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് പാറ നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്.

Top