ആന്ധ്രപ്രദേശ്‌ ട്രെയിന്‍ അപകടം; ലോക്കോ പൈലറ്റുമാര്‍ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് വിജയനഗര ജില്ലയിലെ കണ്ടകപള്ളിയിലെ ഹൗറ-ചെന്നൈ പാതയില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നിലേക്ക് രായഗഡ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുകയറിയായിരുന്നു അപകടം. വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു സംഭവം. 14 പേര്‍ക്കാണ് അന്ന് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. അന്‍പതില്‍ അധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സുരക്ഷാമുന്‍കരുതലുകളെ കുറിച്ച് പരാമര്‍ശിക്കവേ ആയിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. അടുത്ത കാലത്ത് ആന്ധ്രപ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ലോക്കോ പൈലറ്റും കോ ലോക്കോ പൈലറ്റും ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്നതാണ്. ഇത്തരത്തില്‍ ശ്രദ്ധ തിരിക്കുന്ന സംഗതികള്‍ കണ്ടെത്താനും ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിന്‍ ഓടിക്കുന്നതില്‍ മാത്രമാണെന്ന് ഉറപ്പുവരുത്താനും ആവശ്യമായ സംവിധാനങ്ങള്‍ നടപ്പിലാക്കും, അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതേസമയം, ആന്ധ്രപ്രദേശ് ട്രെയിന്‍ അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന കമ്മിഷണേഴ്സ് ഓഫ് റെയില്‍വേ സേഫ്റ്റി (സി.ആര്‍.എസ്.)യുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തെത്തിയിട്ടില്ല. അപകടത്തിന് തൊട്ടുപിന്നാലെ റെയില്‍വേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റായഗഡ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെയും കോ പൈലറ്റിന്റെയും വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇവര്‍ സിഗ്‌നലുകള്‍ അവഗണിച്ചുവെന്നും സുരക്ഷാമുന്‍കരുതലുകള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

Top