Train-20 days-speed control-railway

train

തിരുവനന്തപുരം : സംസ്ഥാനത്തു ട്രെയിനുകള്‍ ഇരുപതു ദിവസം കൂടി ഇഴഞ്ഞോടുമെന്നു ദക്ഷിണറെയില്‍വേ. കറുകുറ്റിയില്‍ മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്ന് ഷൊര്‍ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ നടപ്പാക്കിയ വേഗനിയന്ത്രണം ഇരുപത് ദിവസം കൂടി തുടരുമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.

പാളങ്ങളില്‍ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പുതിയ പാളങ്ങള്‍ സ്ഥാപിക്കണം. കേരളത്തില്‍ ഇരുന്നൂറിലേറെ സ്ഥലങ്ങളില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാക്കാനായിരുന്നു റെയില്‍വേയുടെ പദ്ധതി.

എന്നാല്‍, പലയിടങ്ങളിലെയും പാളത്തിന്റെ തകരാര്‍ കണ്ടെത്താന്‍ വൈകിയതും ആവശ്യത്തിനു പാളങ്ങള്‍ ലഭിക്കാതിരുന്നതും തടസ്സമായി. കഴിഞ്ഞമാസം നടന്ന അപകടത്തിനു ശേഷം നടത്തിയ പരിശോധനയില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മണിക്കൂറില്‍ മുപ്പതുകിലോമീറ്ററാണ് ഷൊര്‍ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. ഇതേത്തുടര്‍ന്നു പല ട്രെയിനുകളും രണ്ടു മണിക്കൂര്‍ വരെയാണു വൈകിയോടുന്നത്.

Top