ആര്‍.എസ്.ശര്‍മ്മയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ

aadhar

ന്യൂഡല്‍ഹി: ട്രായ് തലവന്‍ ആര്‍.എസ്.ശര്‍മ്മയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നില്ലെന്ന് യുഐഡിഎഐ. ആധാറില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഗൂഗിള്‍ ചെയ്ത് ലഭിച്ച വിവരങ്ങളാണ് പരസ്യപ്പെടുത്തിയതെന്നുമാണ് യുഐഡിഎഐ വ്യക്തമാക്കിയത്.

ആധാറിന്റെ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുകയും വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തതോടെയാണ് ശര്‍മ്മ തന്റെ ആധാര്‍ വിവരങ്ങള്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തിക്കൊണ്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. വെറുമൊരു നമ്പര്‍ കൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ശര്‍മ്മ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശര്‍മ്മയുടെ വ്യക്തിഗതവിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയത്.

മൊബൈല്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും ജനനത്തീയതിയും പാന്‍ കാര്‍ഡ് നമ്പറുമെല്ലാം ഇങ്ങനെ പുറത്തു വന്നിരുന്നു. ശര്‍മ്മയുടെ അക്കൗണ്ടിലേക്ക് ഹാക്കര്‍മാര്‍ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു. ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിഞ്ഞെന്നായിരുന്നു ഇതിലൂടെ ഹാക്കര്‍മാരുടെ വാദം. എന്നാല്‍, ഇത് പൊളിച്ചടുക്കുന്നതാണ് യുഐഡിഎഐയുടെ റിപ്പോര്‍ട്ട്.

Top